കേരള പ്രാദേശികചരിത്ര പഠനസമിതി 2024 ജനുവരി 6 ന് കുന്നംകുളത്തു നടത്തിയ ഹെറിറ്റേജ് വോക്കിൽ കണ്ടും കേട്ടും മനസിലാക്കിയ കാര്യങ്ങളാണ് ഈ ലേഖനത്തിൽ പ്രതിപാദിച്ചിട്ടുള്ളത്.
ഏറെ പഴക്കമുള്ള ഒരു വണികപട്ടണമെന്ന നിലയിൽ കുന്നംകുളത്തിനുണ്ടായിരുന്ന പ്രാധാന്യം വേണ്ടുംവണ്ണം കേരളചരിത്രകാരന്മാരുടെ ശ്രദ്ധയിൽ പെട്ടിട്ടില്ല എന്നു തോന്നുന്നു.മഹാശിലായുഗ സംസ്കാരം മുതൽ തുടരുന്ന കുടിയേറ്റചരിത്രംകുന്നംകുളത്തിനും സമീപപ്രദേശങ്ങൾക്കുമുണ്ട്. നാലു മണിക്കൂർ കൊണ്ട് കാൽനടയായി എത്തിച്ചേരാൻ കഴിയാത്ത ഇടങ്ങളിലാണ് ഇവിടുത്തെ പ്രാചീന ചരിത്രസ്മാരകങ്ങളൊക്കെയും കാണപ്പെടുന്നത്. അതിനാൽ തന്നെ മൂന്നു കിലോമീറ്ററോളം ദൂരം സഞ്ചരിക്കാൻ കഴിയുംവിധം കുന്നംകുളത്തെ വിവിധ അങ്ങാടികളിലൂടെയുള്ള നടത്തമാണ് തീരുമാനിച്ചിരുന്നത്.
ദേശീയപാതയോടു ചേർന്ന കുന്നത്തങ്ങാടി മുതൽ തലപ്പിള്ളി രാജവംശത്തിന്റെ ആസ്ഥാനങ്ങളിലൊന്നായിരുന്ന മണക്കുളം വരെയും കിഴക്കു -പടിഞ്ഞാറായി നീളുന്ന പാതയും തെക്കേ അങ്ങാടി മുതൽ ചിറളയം വരെ തെക്കു-വടക്കായി നീളുന്ന പാതയും സന്ധിക്കുന്ന നടുപന്തിയും കൃത്യമായും ഒരു കുരിശിന്റെ ആകൃതി കുന്നംകുളത്തങ്ങാടിക്ക് നൽകിയിരിക്കുന്നു. ഈ പാതകളുടെ ഇരുവശങ്ങളിലുമായും ഈ പാതകളെ പരസ്പരം ബന്ധിപ്പിക്കുന്ന നിരവധി ചെറുപാതകളുടെ ഇരുവശങ്ങളിലുമായും തൊട്ടുതൊട്ടിരിക്കുന്ന പ്രത്യേക വാസ്തുവിദ്യാനിർമ്മിതികളായ കടമുറികളും വീടുകളുമാണ് കുന്നംകുളത്തങ്ങാടിയുടെ കാഴ്ചയെ വേറിട്ടതാക്കുന്നത്. വിപുലമായ വ്യാപാരങ്ങളൊന്നും ഇന്നിവിടെ കാണാൻ കഴിയില്ല. കേരളത്തിലെ പരമ്പരാഗതമായ ഏതൊരങ്ങാടിക്കും സംഭവിച്ചതു പോലെയുള്ള വൃദ്ധിക്ഷയം കുന്നംകുളത്തിനും സംഭവിച്ചിരിക്കുന്നു. ഇവിടുത്തെ അങ്ങാടികൾ ഇന്നു കേവലം ജനവാസമേഖലകൾ മാത്രമായി മാറിയിരിക്കുന്നു. വീടുകളുടെ മുൻഭാഗത്തെ കടമുറി പരിഷ്കരിച്ച് സ്വീകരണ മുറികളാക്കിയിരിക്കുന്നു. പഴയ കച്ചവടക്കാരുടെ പിൻതലമുറ തൊഴിൽ തേടി ദേശാന്തരഗമനം ചെയ്തിരിക്കുന്നു. കുന്നംകുളം ടൗണിൽ തന്നെ വ്യാപാരശാലകൾ നടത്തുന്നവരുണ്ട്. കേരളത്തിലെ മറ്റു നഗരങ്ങളിലേക്ക് ചേക്കേറി വ്യാപാരം ചെയ്യുന്നവരുണ്ട്. തങ്ങളുടെ പാരമ്പര്യത്തിൽ അലിഞ്ഞുചേർന്ന വണികസംസ്കാരത്തെ കുന്നംകുളത്തുകാർ ഇന്നും കൈവിട്ടിട്ടില്ല.
അങ്ങാടികളിൽ പൂർണ്ണമായും പുത്തൻകൂർ നസ്രാണികളാണ് താമസമെന്നു പറഞ്ഞുവല്ലോ. മറ്റുള്ള ജനസമൂഹങ്ങൾ അങ്ങാടിയുടെ പുറത്തും ചുറ്റിലുമായി വസിക്കുന്നു. തികഞ്ഞ സെക്യുലർ സംസ്കാരമാണ് ഈ നാടിനുള്ളതെന്ന് ഹെറിറ്റേജ് വോക്കിനിടെയുണ്ടായ ഇടപഴകലുകളിൽ നിന്നും അന്നു വൈകിട്ടു നടന്ന പിണ്ടിപ്പെരുന്നാൾ ആഘോഷങ്ങളിൽ ഇതര മതസ്ഥരുടെ പങ്കാളിത്തം കൊണ്ടും ബോധ്യപ്പെട്ട കാര്യമാണ്. പിണ്ടിപ്പെരുന്നാൾ, രാക്കുളി പെരുന്നാൾ, ദനഹ പെരുന്നാൾ എന്നൊക്കെ അറിയപ്പെടുന്ന പിറവിപ്പെരുന്നാളാണ് കുന്നംകുളത്തിന്റെ ദേശീയോത്സവം. ഇതാകട്ടെ പ്രധാനമായും അങ്ങാടികൾ കേന്ദ്രീകരിച്ചാണ് നടക്കുന്നത്. അങ്ങാടിക്ക് പുറത്തു നിന്നുള്ളവർ പോലും ഈ ദീപാവലിയാഘോഷത്തിൽ പങ്കുചേരാനെത്തുന്നു.ഹെറിറ്റേജ് വോക്കിന്റെ ഭാഗമായി പകൽ നടന്ന അങ്ങാടിത്തെരുവുകളിലൂടെ തന്നെ ദീപാലങ്കാരങ്ങളും വാദ്യഘോഷങ്ങളും വെടിമരുന്നു പ്രയോഗങ്ങളുമൊക്കെ നേരിൽ കണ്ട് ഇരുവശത്തേക്കുമൊഴുകുന്ന ജനക്കൂട്ടത്തെ മറികടന്ന് രാത്രിയിൽ വീണ്ടുമൊരു നടത്തമുണ്ടായത് വിവരിക്കാനാവാത്ത മറ്റൊരു അനുഭവമായിരുന്നു
തൃശൂർ ജില്ലയിലെ ഏറ്റവും സാംസ്കാരികപ്രാധാന്യമുള്ള സ്ഥലമാണെങ്കിലും കുന്നംകുളത്തെത്തുന്ന ഒരു കോട്ടയത്തുകാരന് അന്യതാബോധം ഒട്ടും തോന്നാനിടയാകാത്തതിന് ചില കാരണങ്ങൾ കണ്ടെത്താനായേക്കാം. തൃശൂരിന്റെ മറ്റു പ്രദേശങ്ങളിലെ സംസാരഭാഷയിലുള്ള നീട്ടലും കുറുക്കലും “താളപദ്ധതി”യൊന്നും “കുന്നംകുളം വായ്ത്താരി”യിൽ തോന്നില്ല; അതിന്റെ നേരിയ ഒരു സ്വാധീനം മാത്രം. ഒരു കുന്നംകുളത്തുകാരൻ കോട്ടയത്തുകാരനോട് സംസാരിക്കുമ്പോൾ ഭാഷയിലെ ദേശവ്യത്യാസം ഒട്ടും തന്നെ ബുദ്ധിമുട്ടുണ്ടാക്കുന്നില്ല. തൃശൂർ മൊഴിക്കും കോട്ടയം മൊഴിക്കും ഇടയിലായി ഏതോ ഒരു സ്ഥാനത്ത് കുന്നംകുളത്തെ മൊഴിയെ സ്ഥാപിക്കാനാവും !തിരക്കേറിയ പിണ്ടിപ്പെരുന്നാൾ ആഘോഷത്തിന്റെ പരിസരങ്ങളിൽ പോലീസിന്റെ സാന്നിധ്യമൊക്കെ വളരെ വിരളമായേ കണ്ടുള്ളൂ. മാന്യവും മനോഹരവുമായ വസ്ത്രങ്ങളണിഞ്ഞ് കുടുംബാംഗങ്ങളാകെയും തെരുവുകൾ തോറും സഞ്ചരിച്ച് കാഴ്ചകൾ കാണുന്നു. കോട്ടയത്ത് പെരുന്നാളിനും ഉത്സവങ്ങൾക്കും പോലീസിന് പണിയുണ്ടാക്കി കൊടുക്കാറുള്ള കച്ചറകളെ കുന്നംകുളത്ത് ഒരിടത്തു പോലും കണ്ടില്ല! സ്ത്രീകൾ സ്വാഭാവികമായ സുരക്ഷിതത്വബോധം സ്വയം അനുഭവിക്കുന്നു. വാദ്യമേളക്കാരെ അകമ്പടി സേവിച്ചു വരുന്ന ബാല്യക്കാരുടെ സംഘങ്ങൾ ചുവടുവയ്ക്കുന്നതിന് പോലും അഴകും സഭ്യതയുമുണ്ട്! തുറന്ന ഹൃദയവും ഹൃദ്യമായ പെരുമാറ്റവും പാരമ്പര്യത്തിൽ ഏറിനിൽക്കുന്ന അഭിമാനവും ഈ അങ്ങാടിക്കാരുടെ പ്രത്യേകതകളായി തോന്നി.
മധ്യകാലത്ത് പ്രശസ്തമായിരുന്ന കോട്ടയത്തങ്ങാടി, അതിരമ്പുഴയങ്ങാടി, ചങ്ങനാശ്ശേരിയങ്ങാടി, പുന്നത്തുറയങ്ങാടി, അരുവിത്തുറയങ്ങാടി, കാഞ്ഞിരപ്പള്ളിയങ്ങാടി, കൊരട്ടിയങ്ങാടി, പുതുപ്പള്ളിയങ്ങാടി എന്നിവയും തുടർന്നുവന്ന പ്രാദേശിക കമ്പോളങ്ങളും കുന്നംകുളത്തങ്ങാടിക്ക് സമാനമായിരുന്നു എന്നു കരുതുന്നതിന് ന്യായമുണ്ട്. ഈ അങ്ങാടികളിലൊക്കെയും നസ്രാണിവ്യാപാരികൾക്ക് മേൽക്കൈയുണ്ടായിരുന്നു. കുന്നംകുളത്തെ നസ്രാണികൾക്ക് ഇതര ദേശക്കാരുമായി വൈവാഹികബന്ധങ്ങൾ കുറവായിരുന്നത് സാംസ്കാരികമായ ഇടപഴകലുകൾ ഉണ്ടാകാതിരുന്നതിന് കാരണമായിട്ടുണ്ടാകാം. കുന്നംകുളത്തെ നസ്രാണികൾ അവർക്കിടയിൽ നിന്നുമാത്രം വിവാഹം കഴിക്കുന്ന രീതിയാണ് രണ്ടു തലമുറ മുമ്പുവരെയും പൊതുവായി നിലനിന്നിരുന്നത്.
പഴയ കാലത്ത് നസ്രാണികൾ വടക്ക് ചാലിശ്ശേരി മുതൽ തെക്ക് ചാത്തന്നൂർ വരെ എന്നൊരു ചൊല്ലുണ്ട്. അങ്ങാടികൾ കേന്ദ്രീകരിച്ചു മാത്രം ഈ ജനസമൂഹം ആവാസമുറപ്പിച്ച കാലത്തെ ഭൂമിശാസ്ത്രപരമായ അതിർത്തിയെയാണ് ഇതു കാണിക്കുന്നത്. തലപ്പിള്ളി സ്വരൂപത്തിന്റെ വടക്കേ അതിർത്തി പിൽക്കാലത്ത് കൊച്ചിയുടെയും ബ്രിട്ടീഷ് മലബാറിന്റെയും അതിർത്തിയായി മാറി. വേണാടിന്റെ പഴയ ആസ്ഥാനമായ കൊല്ലത്ത് കല്ലടയിലും കുണ്ടറയിലും തേവലക്കരയിലും അതിനും തെക്ക് ചാത്തന്നൂർ വരെയും മാർത്തോമാ നസ്രാണികൾ കൂട്ടമായി വസിച്ചു. അതിനും തെക്ക് നാഞ്ചിനാട്ടിലെ തിരുവട്ടാറിൽ അരപ്പള്ളി കേന്ദ്രീകരിച്ച് വാസമുറപ്പിച്ചിരുന്നത് വൈശ്യച്ചെട്ടികളുടെ പാരമ്പര്യമുള്ള തരിയായ് ക്രിസ്ത്യാനികൾ മാത്രമായിരുന്നു. കൊടുങ്ങല്ലൂർ കേന്ദ്രീകരിച്ചുണ്ടായിരുന്ന “മഹാദേവർപട്ടണത്ത് കൂടിയിരിക്കും നസ്രാണി” അല്പമൊന്ന് വടക്കുകിഴക്ക് ദിശകളിലേയ്ക്കും പ്രധാനമായും ഉദയംപേരൂർ, കുറവിലങ്ങാട്, കടുത്തുരുത്തി മുതലായ തെക്കൻ ദിക്കുകളിലേക്കും തുടർന്ന് കോട്ടയത്തേയ്ക്കും കൊല്ലം തുറമുഖം കേന്ദീകരിച്ചുണ്ടായിരുന്ന “കുരക്കേണി കൊല്ലത്തു കുടിയിരിക്കും നസ്രാണി” അല്പമൊന്ന് തെക്കുകിഴക്കു ദിശകളിലേക്കും പ്രധാനമായും വടക്കുള്ള കായംകുളം, ചെങ്ങന്നൂർ, മാവേലിക്കര, നിരണം പ്രദേശങ്ങളിലേക്കും തുടർന്ന് ചങ്ങനാശ്ശേരിയിലും കോട്ടയത്തേയ്ക്കും പല കാലങ്ങളിലായി കുടിയേറി. വ്യാപാരത്തിൽ നിന്ന് കാർഷികവൃത്തിയിലേക്ക് ഉപജീവനമാർഗ്ഗങ്ങൾ പറിച്ചുനട്ട കാലത്ത് ഇടനാട്ടിലേക്കും മലയോരങ്ങളിലേക്കുമുണ്ടായ കുടിയേറ്റങ്ങളാണ് പ്രധാനമായും പമ്പയ്ക്കും പെരിയാറിനുമിടയിലുള്ള ഫലഭൂയിഷ്ടമായ പ്രദേശത്ത് ഈ ജനസമൂഹത്തിന് പ്രാമാണികതയുണ്ടാകാൻ ഇടയാക്കിയത്. വിസ്താരമേറിയ ഈ നസ്രാണിഭൂമികയിൽ നിന്നാണ് മലബാറിലേയ്ക്കുള്ള കാർഷികകുടിയേറ്റങ്ങൾ കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ സംഭവ്യമാകുന്നത്. എന്നാൽ തലമുറകളിലൂടെ വിവിധ ദേശങ്ങളിൽ കുടിവച്ചു രൂപപ്പെട്ട നസ്രാണിയുടെ കുടിയേറ്റസംസ്കാരത്തിൽ നിന്ന് വ്യത്യസ്തമായി നൂറ്റാണ്ടുകളോളം ഒരിടത്തു തന്നെ തുടർന്നു എന്നതാണ് കുന്നംകുളത്തുകാരുടെ സ്വത്വത്തെ സവിശേഷമാക്കുന്നത്.
പോർച്ചുഗീസുകാരുടെ മതപരമായ ഇടപെടലുകളെ തുടർന്ന് നസ്രാണികൾ പോപ്പിനെ അനുകൂലിക്കുന്ന പഴയകൂറുകാരെന്നും അന്തോഖ്യൻ സിംഹാസനത്തെ അനുകൂലിക്കുന്ന പുത്തൻ കൂറുകാരെന്നും വേർപിരിഞ്ഞപ്പോൾ കുന്നംകുളത്തെ നസ്രാണികൾ ഒന്നടങ്കം പുത്തൻകൂറിൽ നിന്നത് പുരാതനമായ പാലയൂർ- ആർത്താറ്റ് പള്ളികളിൽ നിന്നും ഉദയംപേരൂർ സുന്നഹദോസിൽ ആരും പങ്കെടുക്കാതെ ഇരുന്നതിനാലാവാം. ചാട്ടുകുളങ്ങര സുറിയാനികളുടെ പാരമ്പര്യബോധം അതിനൊരു പ്രധാന കാരണമായിട്ടുണ്ടാവാം. ആർത്താറ്റ്പള്ളിയുടെ അധികാര സീമയ്ക്കുള്ളിൽ കഴിയുന്ന കുന്നംകുളത്തുകാരിൽ പശ്ചിമേഷ്യയിൽ നിന്നും പല കാലങ്ങളിലായി എത്തിച്ചേർന്ന സുറിയാനി മെത്രാൻമാർ അത്രത്തോളം സ്വാധീനം ചെലുത്തിയിരിക്കാം. പിൽക്കാലത്ത് കത്തോലിക്കരുടെ പള്ളികളിൽ നിന്നുള്ള ഘോഷയാത്രകൾ കുന്നംകുളത്തങ്ങാടിയിലൂടെ കടന്നുപോകാൻ അങ്ങാടിക്കാർ സമ്മതിക്കാതിരുന്നത് ഈ വിഭജനം എത്രത്തോളം ശക്തമായിരുന്നുവെന്ന് തെളിയിക്കുന്നതാണ്. എന്നാൽ കത്തോലിക്കരുടെ വിവാഹഘോഷയാത്രകൾ ഈ തെരുവുകളിലൂടെ കടന്നുപോകുന്നതിന് വിലക്കൊന്നുമില്ലായിരുന്നു താനും!.
കുന്നംകുളത്തെ കോട്ടയവുമായി ബന്ധിപ്പിക്കുന്നത് ഒരേ കുടുംബത്തിൽ ജനിച്ച കേരളത്തിലെ ആത്മീയരംഗത്ത് ശോഭിച്ച രണ്ടു വ്യക്തിത്വങ്ങളാണ്. ഇരുവരും കോട്ടയത്ത് ആസ്ഥാനമുറപ്പിച്ച് മലങ്കര സുറിയാനിസഭയെ നയിച്ചവർ. കോട്ടയത്ത് സെമിനാരി സ്ഥാപിച്ച പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസ്യോസ്ഒന്നാമൻ മെത്രാപ്പോലീത്ത (1742 – 1816) എന്ന ഇട്ടൂപ്പു റമ്പാനും പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്യാസ്യോസ് രണ്ടാമൻ മെത്രാപ്പോലീത്തയും (1833-1909) ജനിച്ചത് കുന്നംകുളത്തെ പ്രശസ്തമായ പുലിക്കോട്ടിൽ കുടുംബത്തിലാണ്. കോട്ടയത്ത് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത് കോട്ടയം സിറിയൻ കോളേജ് എന്നറിയപ്പെട്ട ഇട്ടൂപ്പു റമ്പാൻ തറക്കല്ലിട്ട സെമിനാരിയിൽ നിന്നാണ്. ഇംഗ്ലീഷ് മിഷണറിമാർ പിന്നീടത് അവിടെ നിന്നു മാറ്റി സി.എം. എസ് കോളേജാക്കി ഉയർത്തി. പകലോമറ്റം കുടുംബത്തിൽ നിന്നു മാത്രം മലങ്കര മെത്രാപ്പോലീത്തയെ വാഴിക്കുന്ന പാരമ്പര്യത്തിൽനിന്ന് വ്യതിചലിച്ച് ആദ്യമായി വാഴിക്കപ്പെടുന്ന മാർത്തോമായാണ് ഇട്ടൂപ്പു റമ്പാൻ.
പുലിക്കോട്ടിൽ ഒന്നാമൻ, പുലിക്കോട്ടിൽ രണ്ടാമൻ
പുലിക്കോട്ടിൽ ഒന്നാമൻ എന്നറിയപ്പെട്ട ഇട്ടൂപ്പു റമ്പാൻ കാലം ചെയ്ത് പതിനേഴു വർഷങ്ങൾക്ക് ശേഷമാണ് ജോസഫ് കത്തനാർ എന്ന പുലിക്കോട്ടിൽ രണ്ടാമൻ ജനിക്കുന്നത്. പ്രോട്ടസ്റ്റൻറ് സ്വാധീനത്തിൽ പെട്ട് നവീകരണപ്രസ്ഥാനത്തിന് തുടക്കമിട്ട അന്നത്തെ മലങ്കര മെത്രാപ്പോലീത്തയായ പാലക്കുന്നത്ത് മാർ അത്താനാസിയോസിന്റെ സമഗ്രാധിപത്യത്തെ ചോദ്യം ചെയ്യുകയും പാരമ്പര്യവാദികൾക്കൊപ്പം ചേർന്ന് സഭാഭരണം തിരിച്ചുപിടിക്കുകയും ചെയ്തു എന്നതാണ് പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസ്യോസിനെ പ്രശസ്തനാക്കുന്നത്. കോട്ടയത്ത് എം.ഡി. സെമിനാരി പരുമല സെമിനാരി എന്നിവ സ്ഥാപിക്കുകയും കൊച്ചിയിലും തിരുവിതാംകൂറിലും പരക്കെ വിദ്യാഭ്യാസസ്ഥാപനങ്ങൾ സ്ഥാപിക്കാൻ നേതൃത്വം നൽകുകയും ചെയ്തത് പുലിക്കോട്ടിൽ രണ്ടാമനാണ്. രണ്ടു പുലിക്കോട്ടിൽ മെത്രാന്മാരും കുന്നംകുളത്തു ജനിച്ചുവെങ്കിൽ ഇരുവരുടെയും പ്രവർത്തനമേഖല കോട്ടയത്തു കേന്ദ്രീകരിച്ചായിരുന്നു. ഇരുവരും ഇഹലോകവാസം വെടിഞ്ഞത് കോട്ടയത്തു വച്ചാണ്; അടക്കം ചെയ്യപ്പെട്ടത് പഴയ സെമിനാരി ചാപ്പലിനോട് ചേർന്നും. പുലിക്കോട്ടിൽ തിരുമേനിമാരുടെ ജന്മനാട്ടിലേക്കുള്ള തീർത്ഥയാത്ര കൂടിയായി മാറി എന്നെ സംബന്ധിച്ചിടത്തോളം ഈ ഹെറിറ്റേജ് വോക്ക്.
1888 ൽ സ്ഥാപിതമായ പൈതൃകസ്മാരകം കൂടിയായ കുന്നംകുളം വൈഎംസിഎയുടെ മുന്നിൽ നിന്നാണ് നടത്തം ആരംഭിച്ചത്. കുന്നംകുളത്തെ യുവജനസംഘടനയായ ലെജെൻഡ്സിന്റെ ചുറുചുറുക്കുള്ള പ്രവർത്തകർ മുന്നൊരുക്കങ്ങളെല്ലാം പൂർത്തിയാക്കിയിരുന്നു. മന്നയും സെറിനും ബിമിനും ചേർന്ന് നടത്തത്തിനെത്തിയവരെ സ്വീകരിച്ചു. ജില്ലാ കോർഡിനേറ്റർ ഖാസിം സെയിദ് നൽകിയ പച്ചക്കൊടി ഹെറിറ്റേജ് വോക്ക് ക്യാപ്റ്റനായ ഗീവർഗ്ഗീസ് മാസ്റ്റർ ഉയർത്തി വീശി ഫ്ലാഗ് ഓഫ് നിർവഹിച്ചതോടെ സംഘം നടത്തം ആരംഭിച്ചു.
ആദ്യ സന്ദർശനം ചിറളയത്തെ കൊട്ടാരത്തിലേക്കായിരുന്നു. അയിനിക്കൂർ സ്വരൂപത്തിലെ അംഗങ്ങളായ ശക്തൻ രാജാ, ദിനേശ് രാജാ, സുവർണ്ണ വർമ്മ, ശിവജി വർമ്മ എന്നിവർ ചേർന്ന് നടത്തക്കാരെ സ്വീകരിച്ചു. മഹോദയപുരത്തു വാണ ഒരു പെരുമാളെ അധികാരലംഘനം കാട്ടിയതിന് തളിയിലെ ബ്രാഹ്മണർ കൂടി ശിക്ഷിക്കാൻ നിശ്ചയിച്ചപ്പോൾ പെരുമാളെ തലവെട്ടി വധശിക്ഷ നടപ്പാക്കിയ ഒരു നമ്പൂതിരി സ്വയം പതിത്വം നിശ്ചയിച്ചാണ് നമ്പിടി എന്ന സ്ഥാനം സ്വീകരിച്ച് ക്ഷത്രിയനായതെന്ന് തലപ്പിള്ളി രാജവംശത്തിന്റെ ഉത്ഭവകാരണമായി പിന്മുറക്കാർ കരുതുന്നു. തലപ്പിള്ളി രാജവംശത്തിന്റെ അയിനിക്കൂർ സ്വരൂപത്തിലെ അവശേഷിക്കുന്ന പിന്മുറക്കാരാണ് ചിറളയത്തെ ഈ ചെറിയ കൊട്ടാരത്തിൽ താമസിക്കുന്നത്. പഴയ കൊട്ടാരത്തിന്റെ ശേഷിക്കുന്ന ഒരു ഭാഗം മാത്രമാണിത്. കൊട്ടാരത്തിന് സമീപത്തു തന്നെയാണ് ചിറളയം ശ്രീരാമക്ഷേത്രം. കിഴക്കു ദർശനമായ ക്ഷേത്രത്തിന്റെ മതിലിന്റെ ഭാഗമായി കരിങ്കല്ലിൽ കെട്ടിയുയർത്തിയ പടിഞ്ഞാറേ വാതിൽ വളരെ പ്രത്യേകതയുള്ളതായി തോന്നി. പടിഞ്ഞാറുഭാഗത്തു കാണുന്ന വയലിൽ. വിളഞ്ഞ നെല്ല് സ്വർണ്ണപ്രഭ ചൂടി നിൽക്കുന്നു. ക്ഷേത്രത്തിനോടു ചേർന്ന് വടക്കുവശത്ത് നെടുനീളത്തിൽ കുളിപ്പുരയോടു കൂടിയ വലിയ കുളത്തിൽ ആഫ്രിക്കൻ പായൽ നിറഞ്ഞുകിടക്കുന്നു. ക്ഷേത്രത്തിൽ പൂജാസമയമാണ്. ക്ഷേത്രത്തിനു മുന്നിലൂടെ കടന്ന് അടുത്ത ലക്ഷ്യസ്ഥാനത്തേക്ക് നടത്തക്കാർ നീങ്ങി.
ചിറളയം കൊട്ടാരം
ചിറളയം ശ്രീരാമക്ഷേത്രം
ക്ഷേത്രത്തിന്റെ പിൻഭാഗത്തെ വാതിൽ
കുളം
1930 ൽ പണികഴിപ്പിച്ച സെൻറ് മേരീസ് മലങ്കര കത്തോലിക്ക പള്ളിയും ബഥനി കോൺവെൻറ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളും അടുത്തടുത്താണ്. പുലിക്കോട്ടിൽ കുടുബത്തിലെ തന്നെ പ്രശസ്തനായ മറ്റൊരു ജോസഫ് റമ്പാനാണ് ഈ പള്ളി സ്ഥാപിച്ചത്. മലങ്കര സുറിയാനി സഭയിൽ നിന്ന് കത്തോലിക്ക പക്ഷത്തേക്ക് പോയി സുന്തമായി റീത്ത് സ്ഥാപിച്ച മാർ ഈവാനിയോസ് തിരുമേനിയുടെ സ്വാധീനമാണ് പുലിക്കോട്ടിൽ റമ്പാച്ചനും മാതൃസഭ വിടാൻ കാരണമായത്. നിരവധി ഗ്രന്ഥങ്ങളുടെ കർത്താവും സാഹിത്യ പ്രവർത്തകനുമായിരുന്ന പുലിക്കോട്ടിൽ റമ്പാച്ചൻ മഹാകവി വള്ളത്തോൾ, കൈക്കുളങ്ങര രാമവാര്യർ, സ്വദേശഭിമാനി രാമകൃഷ്ണപിള്ള എന്നിവരുമായി അടുത്ത സൗഹൃദബന്ധം പുലർത്തിയിരുന്നു.
മലങ്കര കത്തോലിക്ക പള്ളി റമ്പാച്ചൻ ഒരു അപൂർവ്വ ചിത്രം
പുലിക്കോട്ടിൽ റമ്പാച്ചനും അദ്ദേഹത്തിന്റെ ജേഷ്ഠൻ ഇട്ടൂപ്പും കൂടിയാണ് പ്രശസ്തമായ എ. ആർ. പി പ്രസ്സ് നടത്തിയിരുന്നത്. നിരവധി സാഹിത്യകാരന്മാരുടെ കൃതികൾ വെളിച്ചം കാണുന്നത് ഈ പ്രസ്സിൽ നിന്നാണ്. സഭാപ്രവർത്തനങ്ങൾക്കൊപ്പം സാഹിത്യപ്രവർത്തനങ്ങളും വിദ്യാഭ്യാസ പ്രവർത്തനങ്ങളും നടത്തിയിരുന്ന റമ്പാച്ചന്റെ സഹവാസമാണ് വളളത്തോളിന് തന്റെ പ്രശസ്തകൃതിയായ മഗ്ദലന മറിയം രചിക്കാൻ പ്രേരണയായത്. “മഗ്ദലനമറിയം” ആദ്യമായി അച്ചടിമഷി കാണുന്നത് എ. ആർ.പി പ്രസ്സിൽ നിന്നാണ്.
പുലിക്കോട്ടിൽ ജോസഫ് റമ്പാൻ
A R P PRESS
ബഥനി കോൺവെൻറ് സ്കൂളിന്റെ പ്രിൻസിപ്പലായ സിസ്റ്റർ സ്റ്റാർലെറ്റ് എസ് ഐ സി നടത്തസംഘത്തെ സ്വീകരിക്കാൻ എത്തിയിരുന്നു. സിസ്റ്ററുടെ വീട് പാലായിൽ കത്തീഡ്രൽ പള്ളിക്ക് സമീപമാണ്. ചായയും പഴംപൊരിയും കഴിച്ചശേഷം നടത്തക്കാർ അടുത്ത പോയന്റിലേക്ക് നീങ്ങി തുടർന്നെത്തിയത് പടിഞ്ഞാറേ അങ്ങാടി കഴിഞ്ഞുള്ള മണക്കുളം കോവിലകമിരുന്ന സ്ഥലത്തേയ്ക്കാണ്. നാടുവാഴിത്ത കാലത്തെ അധികാരസ്ഥാനമായിരുന്ന കൊട്ടാരമിരുന്ന സ്ഥാനത്ത് വിശാലമായ മൈതാനമല്ലാതെ മറ്റൊന്നും അവശേഷിക്കുന്നില്ല. ഇവിടെ നിന്നും തെക്കോട്ടു നീളുന്ന വഴിയിലുള്ള ചിറ്റയം വീട്ടിലാണ് മഹാകവി വള്ളത്തോൾ താമസിച്ചിരുന്നത്. മലയാളത്തിലെ പ്രശസ്തമായ പല കാവ്യകൃതികളും പിറന്നുവീണത് മഹാകവിയുടെ ഇവിടുത്തെ വാസത്തിനിടയിലാണ്.കോവിലകങ്ങളിലും മനകളിലും മാത്രം ഒതുങ്ങിനിന്ന കഥകളിയെ ജനമദ്ധ്യത്തിലേക്ക് ഇറക്കികൊണ്ടുവരാനും പരിപോഷിപ്പിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായി കലാകാരൻമാർക്ക് മികച്ച പരിശീലനം കൊടുക്കാനുള്ള തീരുമാനം കുഞ്ഞുണ്ണി തമ്പുരാനും വള്ളത്തോളുമായുള്ള ആലോചനയിൽ ഉടലെടുത്തു. അത് തികഞ്ഞ ഒരു വിദ്യാഭ്യാസസ്ഥാപനത്തിന്റെ മാതൃകയിലാകണമെന്ന നിശ്ചയത്തോടെ കളിയോഗത്തിലെ അദ്ധ്യാപകരെ തന്നെ നിയോഗിച്ചുകൊണ്ട് ചെറുതുരുത്തിയിൽ കേരള കലാമണ്ഡലം പ്രവർത്തനമാരംഭിച്ചു. ഇന്ന് കലാപഠനരംഗത്തെ സർവ്വകലാശാലയായി വളർന്ന കേരള കലാമണ്ഡലത്തിന്റെ ഉത്ഭവത്തിന് കാരണമായ മണക്കുളം കൊട്ടാരമിരുന്ന സ്ഥലം കുറ്റിക്കാടുകൾ നിറഞ്ഞ വെളിമ്പറമ്പായി അവഗണിക്കപ്പെട്ടു കിടക്കുന്ന കാഴ്ച സംഘത്തിലുള്ളവരിൽ വേദനയുളവാക്കുന്നതായിരുന്നു.
ഹെറിറ്റേജ് വോക്കിന്റെ പ്രദേശികമായ പ്രധാന സംഘാടക കൂടിയായ മന്നയുടെ വീട്ടിലേക്ക് നടത്തക്കാർക്ക് പ്രത്യേകം ക്ഷണമുണ്ടായിരുന്നു. പഴയ കാലത്തെ വാസ്തുപരമായ പ്രത്യേകതകൾ നിറഞ്ഞ പഴയ വീട് നിലനിർത്തിക്കൊണ്ടു തന്നെ അതിനോടു ചേർന്ന് ആധുനികമായ രീതിയിൽ മനോഹരമായ വീട് രൂപകല്പന ചെയ്തിരിക്കുന്നത് മന്ന തന്നെയാണ്. കുളിർമ പകരുന്ന അകത്തളത്തിലേക്ക് കടന്നപ്പോൾ രുചികരമായ ശീതളപാനീയം നൽകി മന്നയുടെ അമ്മ ഏവരെയും വരവേറ്റു.
മന്നയുടെ വീട്
C V ഇയ്യൂ Ex MLC യുടെ വീട്.
കടന്നുവരുന്ന വഴിയിൽ ഇടതുവശത്ത് ഒരു പഴയ വീടു കണ്ടു. മൂന്നുതവണ കുന്നംകുളത്തെ എം എൽ സി ആയിരുന്ന സി.വി. ഇയ്യുവിന്റെ വീടാണ്. അദ്ദേഹത്തിന്റെ പൗത്രൻ സംഘത്തെ സ്വീകരിച്ചു. കുന്നംകുളത്തെ പിടിച്ചുകുലുക്കിയ 1942 ലെ കുപ്രസിദ്ധമായ കാവടിക്കേസിന് ആധാരമായ സംഭവവികാസങ്ങൾ രൂക്ഷമാകാതിരിക്കുന്നതിനും വർഗ്ഗീയലഹള ഒഴിവാക്കുന്നതിനും ധീരമായ പങ്കു വഹിച്ച ജനപ്രതിനിധി എന്ന നിലയിലാണ് ശ്രീമാൻ സി.വി. ഇയ്യു കുന്നംകുളത്തിന്റെ ചരിത്രത്തിൽ അറിയപ്പെടുന്നത്.
തുടർന്ന് പടിഞ്ഞാറേ അങ്ങാടിയിലൂടെ പനയ്ക്കൽ വീട് ലക്ഷ്യമായി നീങ്ങുമ്പോൾ ഇടവഴിയിൽ പിണ്ടിപ്പെരുന്നാളിനുള്ള ദീപാലങ്കാരങ്ങൾ ഒരുക്കുന്ന കുറയേറെ ചെറുപ്പക്കാരെ കണ്ടു. വഴിയമ്പലമെന്ന് തോന്നുന്നവിധം ഓല കൊണ്ടു മേഞ്ഞ ഒരു വിശ്രമകേന്ദ്രം കൗതുകമുണർത്തുന്ന ദൃശ്യമായിരുന്നു. മുന്നോട്ടുനീങ്ങിയപ്പോൾ കിഴക്കു പടിഞ്ഞാറായുള്ള റോഡിന്റെ ഉയർന്ന വടക്കേ തിട്ടയിൽ കോട്ട മതിൽ പോലെ ഒരു നെടുനീളൻ കെട്ടിടം! ചെങ്കല്ലിൽ കെട്ടിയുയർത്തിയ ഇരുനിലവീടിന്റെ പിൻ ഭാഗമാണ്; കുന്നംകുളത്തങ്ങാടിയിലെ പ്രശസ്തമായ പനയ്ക്കൽ വീടാണ്. പ്ലാസ്റ്റർ ചെയ്യാത്ത പിൻഭാഗത്തെ ഭിത്തി കനത്ത മഴയിലും നനയാറില്ലത്രേ!. വരാലിന്റെ പുറത്തെ ഉളുമ്പ് ശേഖരിച്ച് ചുണ്ണാമ്പുവള്ളി നീരും ചേർത്ത് പൂശിയതിനാലാണ് വെള്ളം പിടിക്കാതിരിക്കുന്നത്. ഗൃഹനിർമ്മാണ രംഗത്തെ പഴയ സാങ്കേതികവിദ്യയാണ്. പനയ്ക്കൽ വീട് സ്ഥലത്ത് ഏറ്റവും സാമ്പത്തികശേഷിയുളള വീടായിരുന്നു. വീടിന്റെ മുൻഭാഗത്തെത്തി. അതിന്റെ നിർമ്മാണ സവിശേഷതകളുമൊക്കെ കണ്ടിട്ട് പഴയ പള്ളി ലക്ഷ്യമാക്കി നീങ്ങി
കുന്നംകുളത്തങ്ങാടിയിലെ പ്രശസ്തമായ പനയ്ക്കൽ വീട്
അങ്ങാടിയിലെ പഴക്കം ചെന്ന ഓർത്തഡോക്സ് പള്ളികളിലൊന്നാണ് സെൻറ് ലാസറസ് പള്ളി. രണ്ടര നൂറ്റാണ്ടെങ്കിലും പഴക്കമുള്ള പള്ളിയുടെ ഭിത്തിയിൽ വെള്ളപൂശി നശിപ്പിക്കപ്പെട്ട ഒരു ചിത്രത്തിന്റെ വീണ്ടെടുത്ത ഭാഗങ്ങൾ കണ്ണാടിച്ചട്ടമിട്ട് കാത്തുസൂക്ഷിച്ചിരിക്കുന്നു. സ്നാപക യോഹന്നാൻ ക്രിസ്തുവിന് ജ്ഞാനസ്നാനം ചെയ്യിക്കുന്ന ദൃശ്യമാണത്. ഓർത്തഡോക്സ് സഭയുടെ കുന്നംകുളം ഭദ്രാസനത്തിന്റെ അധിപനായ പുലിക്കോട്ടിൽ ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത പള്ളിയിൽ വച്ച് യാത്രാസംഘത്തോട് സംസാരിച്ചു. ഡോ രാജൻ ചുങ്കത്തിന്റെ ശേഖരത്തിലുള്ള കുന്നംകുളത്ത് അച്ചടിച്ച മലയാള മനോരമ ദിനപത്രത്തിന്റെ ആദ്യപ്രതിയുടെ പകർപ്പ് യൂലിയോസ് തിരുമേനിഎനിക്കു നൽകി. കേരള പ്രാദേശികചരിത്ര പഠനസമിതിയുടെ പ്രവർത്തനമാർഗ്ഗരേഖ ഞാൻ തിരുമേനിക്കും നൽകി.
സെൻറ് ലാസറസ് ഓർത്തഡോക്സ് പഴയ പള്ളി
പള്ളിയുടെ പിൻഭാഗത്തെ വഴിയിലൂടെ കിഴക്കോട്ടു നടന്നാൽ നടുപ്പന്തിയിൽ നിന്ന് തെക്കോട്ടുളള വഴിയിലാണ് എത്തുന്നത്. നടുപ്പന്തി ലക്ഷ്യമാക്കി നടന്നാൽ തെരുവിന്റെ കിഴക്കുവശത്താണ് പുലിക്കോട്ടിൽ രണ്ടാമൻ മെത്രാപ്പോലീത്തയുടെ ജന്മഗൃഹം. തിരുമേനിയുടെ പിൻമുറക്കാരായ ഐപ്പ്, വർഗ്ഗീസ് എന്നീ സഹോദരന്മാരാണ് ഈ വീട്ടിൽ താമസിക്കുന്നത്. തടിയിലെ നിർമ്മിതികൾ ഈ വീടിനെ ഏറെ സമ്പന്നമാക്കുന്നു. അടുക്കളയിൽ വരെ കയറി കാണാൻ വീട്ടുകാർ അനുവദിച്ചു. മാത്രവുമല്ല ശീതളപാനീയവും കാരസേവയുമൊക്കെ തന്ന് സൽക്കരിച്ചു. തുടർന്ന് പുലിക്കോട്ടിൽ ഭവനത്തിൽ നിന്നിറങ്ങി അടുത്ത ലക്ഷ്യത്തിലേക്ക് നീങ്ങി.പുലിക്കോട്ടിൽ തിരുമേനിയുടെ ജന്മഗൃഹത്തിന് എതിർവശത്തായി ഒരു പുതിയ വീട് കാണുന്ന സ്ഥാനത്തായിരുന്നു തിരുമേനി തന്നെ സ്ഥാപിച്ച “പുലിക്കോട്ടിൽ ജോസഫ് കത്തനാർസ് പ്രസ്സ്” ഉണ്ടായിരുന്നത്. ഇവിടെ ക്രൈസ്തവ ആരാധനയുമായി ബന്ധപ്പെട്ട പുസ്തകങ്ങളാണ് കല്ലച്ചിൽ അച്ചടിച്ചിരുന്നത്.
തെക്കേ അങ്ങാടി ലക്ഷ്യമാക്കി നീങ്ങുമ്പോൾ ഇടതുവശത്ത് ഗേറ്റ് പൂട്ടിക്കിടക്കുന്ന പുരയിടത്തിലെ കൊട്ടാരസദൃശമായ ഒരു വീട് കാഴ്ചയിൽ പെടും. കുന്നംകുളത്തങ്ങാടിയിലെ മറ്റൊരു സമ്പന്നകുടുംബമായ പാറമേൽകാരുടെ വീടാണ് താമസമില്ലാതെ കിടക്കുന്നത്. പാറമേൽ ഇട്ടൂപ്പാണ് പ്രശസ്തമായ വിദ്യാരത്നപ്രഭ എന്ന പ്രസ്സ് 1860 ൽ സ്ഥാപിച്ചത്. പുരാണഗ്രന്ഥങ്ങളും ഹിന്ദു ഭക്തിസാഹിത്യങ്ങൾ ഉൾപ്പെടെ അക്കാലത്ത് നിരവധി പ്രശസ്ത ഗ്രന്ഥങ്ങൾ അച്ചടിച്ചിറക്കിയത് വിദ്യാരത്നപ്രഭയിൽ നിന്നാണ്.
സെൻറ്.തോമസ് മാർത്തോമാ പള്ളി പാറമേൽ വീട്
മുന്നോട്ട് നടക്കുമ്പോൾ സെൻറ് തോമസ് മാർത്തോമ ചർച്ച് ഇടതുവശത്ത് കാണാം. നല്ല ഭംഗിയുള്ള പ്രകാരം. പിണ്ടിപ്പെരുന്നാളിന്റെ ഭാഗമായി മനോഹരമായ കരകൗശല ദൃശ്യങ്ങൾ മുറ്റത്ത് ഒരുക്കിയിരിക്കുന്നതു കണ്ടു. വൈകിട്ട് വീണ്ടും വന്നപ്പോഴാകട്ടെ ദീപപ്രഭയിൽ ചുറ്റിത്തിരിയുന്ന ഈ രൂപങ്ങൾ നല്ലൊരു ദൃശ്യാനുഭവവുമായി.ഏതാനും ചുവടുകൾ പിന്നിട്ടാൽ മറ്റൊരു പള്ളിയായി. സെൻറ് മത്തിയാസ് ഓർത്തഡോക്സ് പള്ളി പാരമ്പര്യരീതിയിൽ തന്നെ പുതുക്കിപ്പണിതു കൊണ്ടിരിക്കുകയാണ്. അമ്പലം പള്ളിയെന്നാണ് ഈ പള്ളി അറിയപ്പെടുന്നത്. ക്ഷേത്രത്തിന്റെ മുഖമണ്ഡപം പോലെ ചെറിയൊരു വാസ്തുനിർമ്മിതി മുന്നിലായി കാണാം. ഉള്ളിൽ പരിമിതമായ ഇടമേയുള്ളൂ എങ്കിലും ഇതാണ് പള്ളിയായി മാറിയ ക്ഷേത്രം എന്നു മനസിലായി. ജീർണ്ണോദ്ധാരണം നടത്തിയതിനാൽ പഴമയിൽ നിന്ന് ഏറെ മാറ്റങ്ങൾ ഇതിനും സംഭവിച്ചിട്ടുണ്ട്. കൊല്ലവർഷം 981 മകരമാസത്തിൽ കൊച്ചി രാജാവായ ശക്തൻ തമ്പുരാൻ കുന്നംകുളം സന്ദർശിച്ചപ്പോൾ ആരാധനയില്ലാതെ കാടുകയറി കിടക്കുന്ന അന്തിമഹാകാളൻകാവ് ശ്രദ്ധയിൽ പെടുകയും അതിനു കാരണമന്വേഷിക്കുകയും ചെയ്തു. ആരാധന തുടർന്നുകൊണ്ടുപോകാൻ ആളില്ലാതെ വരികയാൽ ഉപേക്ഷിക്കപ്പെട്ടതാണെന്നും ഹിന്ദുക്കളെക്കാൾ അങ്ങാടിയിൽ ക്രൈസ്തവരാണ് ഭൂരിപക്ഷമെന്നും തിരിച്ചറിഞ്ഞ ശക്തൻ തമ്പുരാൻ ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ മാറ്റി സ്ഥാപിക്കുകയും ക്ഷേത്രം ക്രിസ്ത്യാനികൾക്ക് പള്ളിയാക്കി ഉപയോഗിക്കാൻ വിട്ടു കൊടുക്കുകയും ചെയ്തു ഇന്നും അമ്പലം പള്ളി എന്നു തന്നെയാണ് സെൻറ്മത്തിയാസ് പള്ളി അറിയപ്പെടുന്നത്. നടത്തക്കാരെ പള്ളി വികാരി ഫാ. ഗീവർഗ്ഗീസ് തോലത്ത് സ്വീകരിച്ചു. ഹെറിറ്റേജ് വോക്കിന്റെ മുഖ്യസംഘാടകനായ ഫാ. ഇയ്യോബ് ഒഐസി ഈ പള്ളിയിലെ അംഗം കൂടിയാണ്.
സെൻറ്. മത്തിയാസ്ഓർത്തഡോക്സ് പളളി (മുൻഭാഗത്തെ കുരിശടി ) (അമ്പലപ്പള്ളി)
പിണ്ടിപ്പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി പള്ളിയുടെ മുന്നിൽ എതിർവശത്തുള്ള ചെറിയ മൈതാനത്ത് വാഴപ്പിണ്ടിയും പോളയും കൊണ്ടുള്ള അമ്പലംപള്ളിയുടെ ഒരു മാതൃക ഒരുക്കിവച്ചിരിക്കുന്നു. വൈകിട്ട് വൈദ്യുതിവിളക്കിന്റെ പലനിറങ്ങളിലുള്ളവെളിച്ചത്തിൽ ഈ ശില്പം നല്ല കാഴ്ചയായിരുന്നു. അതിനു മുമ്പിലാകട്ടെ ഒന്നാംതരം പഞ്ചാരിമേളവും!
വാഴപ്പിണ്ടിയും പോളയും കൊണ്ടുള്ള അമ്പലംപള്ളിയുടെ ഒരു മാതൃക
തെക്കേ അങ്ങാടിയിൽ നിന്ന് മിഷൻ ബസാറിലേക്ക് ഇറങ്ങുന്ന റോഡിന്റെ ഇടതുവശത്ത് പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന ഒരു കെട്ടിടവും കാടുകയറി മൂടിയ നിലയിൽ ജീർണ്ണിച്ച ഒരു വീടും കാണാം. പ്രശസ്തമായിരുന്ന അക്ഷര രത്നപ്രകാശിനി (എ.ആർ.പി) എന്ന അച്ചടിശാലയുടെ ദുരവസ്ഥയാണ് മുന്നിൽ കാണുന്നത്. 1890 ൽ പുലിക്കോട്ടിൽ ജോസഫ് റമ്പാൻ ആരംഭിച്ച പ്രസ്സാണിത്. മുന്നിലുള്ള വീട് റമ്പാച്ചൻ താമസിച്ചിരുന്ന വീടും. കേരളത്തിന്റെ സാംസ്കാരികചരിത്രത്തിൽ അക്ഷരമുദ്രകളാൽ സ്ഥാനം പിടിച്ച ഈ അച്ചടിശാല റമ്പാച്ചൻ എങ്ങനെ വിസ്മൃതനായോ അതിനു സമാനമായി ഓർമ്മകൾ ശേഷിപ്പിക്കാതെ മണ്ണിലടിയാൻ തയ്യാറെടുക്കുന്നു.
1938 ൽ മലയാള മനോരമ ദിനപത്രം നിരോധിച്ചുകൊണ്ട് തിരുവിതാംകൂറിലെ ദിവാനായ സർ. സി.പി ഉത്തരവിട്ടപ്പോൾ മുടക്കം വരാതെ തന്നെ കൊച്ചിരാജ്യത്തിന്റെ ഭാഗമായ കുന്നംകുളത്തെ എ.ആർ.പി പ്രസ്സിലാണ് അച്ചടിച്ച് പുറത്തിറക്കിയത്. നിരോധനം നീങ്ങുന്നതുവരെയും കൃത്യമായി അച്ചടിച്ചു എന്നു മാത്രമല്ല ഉള്ളടക്കത്തിന്റെ സ്വഭാവത്തിലോ കെട്ടിലോ മട്ടിലോ ഒരു മാറ്റവും വരുത്തിയതുമില്ല.മിഷൻ ബസാറിലൂടെ നീങ്ങി കിഴക്കേ അങ്ങാടിയിൽ എത്തിയപ്പോൾ ഒരു ബയൻറിംഗ് സെൻറ്ററിൽ കയറി അവിടുത്തെ പ്രവർത്തനങ്ങൾ കണ്ടു. ഇട്ടിമാത്തു എന്നയാൾ നടത്തുന്ന സ്ഥാപനമാണ്, ഒറ്റവരയിട്ട ബുക്കിന്റെ ബയൻറിംഗിനായി പേപ്പർ അട്ടിയട്ടിയായി അടുക്കി വച്ചിരിക്കുന്നു.അങ്ങാടിയുടെ കിഴക്കേ ഭാഗത്തുള്ള സെൻറ് തോമസ് ഓർത്തഡോക്സ് പുതിയ പള്ളിയിലും കയറിയ ശേഷം കയറ്റം കയറിയെത്തിയത് യാത്ര പുറപ്പെട്ട വൈഎംസിഎയുടെ മുന്നിലാണ്. അല്പം മുന്നോട്ടുനീങ്ങിയാണ് ചിറളയം സെൻറ് ലാസറസ് പള്ളി. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ പള്ളിയുടെ മേടയിലാണ് ശീമയിൽ നിന്നുള്ള മെത്രാൻമാർ താമസിച്ചിരുന്നത്. മദ്ബഹ പാരമ്പര്യത്തനിമ നിലനിൽക്കുന്ന അലങ്കാരങ്ങളോടു കൂടിയതാണ്.
സെൻറ് തോമസ് ഓർത്തഡോക്സ് പുതിയ പള്ളി
നടത്തം പൂർത്തിയാക്കി വൈ.എം.സി.എയിലെത്തിയപ്പോൾ ഉച്ചഭക്ഷണം തയ്യാറായിരിക്കുന്നു. കുന്നംകുളത്തെ കലാകാരനായ നിബിൻ പനയ്ക്കൽ വരച്ച ചിത്രങ്ങളുടെ ഒരു പ്രദർശനവും ബെന്നി പനയ്ക്കൽ ശേഖരിച്ച പഴയ കുടകല്ലുകളുടെയും നന്നങ്ങാടികളുടെയും സചിത്രവിവരണവും അവിടെ ഒരുക്കിയിട്ടുണ്ട്.
ചിറളയം സെൻറ്. ലാസറസ് പള്ളി
ഭക്ഷണശേഷം നടത്തക്കാർ എല്ലാവരും ഒത്തുചേർന്ന് ഗ്രൂപ്പ് ഫോട്ടോ എടുത്തു. വട്ടത്തിലിരുന്ന് അനുഭവങ്ങൾ പങ്കുവച്ചു. കുന്നംകുളത്തിന്റെ ചരിത്രവും പൈതൃകവും കണ്ടെത്തുന്നതിനും സംരക്ഷിക്കുന്നതിനും കൂടുതലായി ചെയ്യാൻ കഴിയുന്ന കാര്യങ്ങളെ കുറിച്ച് ചില തീരുമാനങ്ങളിലെത്തിയാണ് സംഘാംഗങ്ങൾ പിരിഞ്ഞത്.വൈകുന്നേരംബെറിൽ തോമസ്,നന്ദകുമാർ കെ പി എന്നിവരോടൊപ്പം കലശമല സന്ദർശിച്ചു. കലശമലയിലെ ശിവവിഷ്ണു ക്ഷേത്രത്തിന് സമീപമുള്ള വനഭൂമിയിൽ വരുന്ന അപൂർവ്വമായ സസ്യമായ കുളവെട്ടി കാണാൻ കഴിഞ്ഞത് അപൂർവ്വ അനുഭവമായി. ചതുപ്പിൽ വളരുന്ന കുളവെട്ടി ഔഷധസസ്യമാണ്. ലോകത്തിൽ ആകെയുളള 300 മരങ്ങളിൽ ഏറിയപങ്കുംഇവിടെയാണുള്ളത്കലശമലയിൽ നിന്നുമുള്ള മടക്കയാത്രയിൽ കുന്നംകുളത്തുകാരുടെ തലപ്പള്ളിയായ ആർത്താറ്റ് പളളിയും സന്ദർശിച്ചു.
ലേഖകൻ : പള്ളിക്കോണം രാജീവ്
സംസ്ഥാന കോ ഓഡിനേറ്റർ കേരള പ്രാദേശികചരിത്ര പഠനസമിതി
ചിത്രങ്ങൾക്ക് കടപ്പാട് :പള്ളിക്കോണം രാജീവ്,ടീം ഹെറിറ്റേജ് വോക്