കാലം കയറിയിറങ്ങിയ പടവുകള്‍

ഒരു കാലഘട്ടത്തിന്റെ സാംസാക്കാരിക തനിമയുടെ,നിര്‍മ്മാണ വിദ്യയുടെ മികവും തികവും പ്രകടമാക്കികൊണ്ട് ആധുനീകവത്ക്കരണത്തിന്റെ കുത്തൊഴുക്കിലും മുഖമുദ്ര നഷ്ടപ്പെടാതെ കാലത്തെ അതിജീവിച്ചു നില്‍ക്കുന്ന ചില നിര്‍മ്മിതികളില്‍ ഒരു വിഭാഗമാണ് കുളങ്ങള്‍.

തികച്ചും പ്രകൃതി ദത്തമായ നിര്‍മ്മാണ വിദ്യയുടെയും സാമഗ്രികളുടെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും മികച്ച മാതൃകള്‍.ഇന്നിന്റെ നിര്‍മ്മാണ സാമഗ്രിയായ സിമന്റിന്റെ കടന്നു വരവിനും എത്രയോ മുന്‍പ് ചെങ്കല്ല്, കരിങ്കല്ല്, ചെളി മുതലായ പ്രാദേശികമായ നിര്‍മ്മാണ വസ്തുക്കള്‍ ഉപയോഗിച്ച് തീര്‍ത്തിട്ടുളള ഈ ജലസംഭരണികളുടെ പടവുകളിലൂടെ കല്‍ക്കെട്ടുകളുടെ ഈ വാസ്തുവിദ്യയെ കാലം കൈപിടിച്ചു നടത്തി നൂറ്റാണ്ടുകള്‍ക്ക് ഇപ്പുറത്തേക്ക്.

കുളം കെട്ടിലെ ചെങ്കല്ലിന്റ കണക്കും ശാസ്ത്രീയതയും അറിയുന്നവര്‍ ഇന്ന് വളരെ ചുരുക്കം.ക്ഷേത്രങ്ങളോടും വീടുകളോടും അനുബന്ധിച്ചും പൊതു ജല സംഭരണികള്‍ ആയും ഇത്തരം കുളങ്ങള്‍ ഏറെയുള്ളത് കേരളത്തിന്റെ വടക്കന്‍ ജില്ലകളായ കണ്ണൂര്‍,കാസര്‍ഗോഡ് ഭാഗങ്ങളില്‍ ആണ്.

കൃതൃമായി പറഞ്ഞാല്‍ വടകരക്കടുത്ത് കോരപ്പുഴ മുതല്‍ കാസര്‌ഗോഡ് ചന്ദ്രഗിരിപ്പുഴ വരെയുളള ഭാഗങ്ങളില്‍.അല്പം കൂടി ചരിത്രം തിരഞ്ഞ് പോയാല്‍ കോലത്തു നാട്ടില്‍ കോലത്തിരിയുടെ ഭരണകാലത്താണ് ഇത്തരം കുളങ്ങള്‍ പലതും നിര്‍മ്മിക്കപ്പെട്ടിട്ടുളളത് എന്നു കണാം.

പലതിന്റെയും കാലഗണന അത്ര എളുപ്പമല്ല.മഴ വെളളസംഭണികളുടെ പൂര്‍വ മാതൃക എന്നു കൂടി വിശേഷിപ്പിക്കാവുന്ന ഇവയുടെ നിർമ്മാണം ഒന്നോ രണ്ടോ മാസങ്ങള്‍ കൊണ്ട് തീരുന്നവയല്ല.വര്‍ഷങ്ങള്‍ തന്നെ എടുത്തേക്കാം.

പണ്ടുകാലത്തെ കിണറിന്റെ അതേ നിര്‍മാണ രീതി തന്നെയാണ് സ്റ്റെപ് വെല്‍ (Step Well) എന്നറിയപ്പെടുന്ന ഈ കുളങ്ങള്‍ക്കും ഉള്ളത്. അടിയില്‍ നെല്ലിപ്പലക നിരത്തി അതിനു മുകളിലാണ് നാലുവശവും കെട്ടിക്കയറുക. നാലു വശങ്ങളിലും ഒരേ ഡിസൈന്‍ തന്നെ ആവണം എന്നില്ല.

കല്ലുകളില്‍ പലതിനും പല അളവുകളും വടിവും കോണുകളും കാണാനാവും.ഒറ്റ കല്ലില്‍ വെട്ടിയെടുത്ത കോര്‍ണർ വര്‍ക്കുകളും കാണാം. ഒരു കല്ലിനു മുകളില്‍ മറ്റൊന്നു വച്ച് കെട്ടിപ്പൊക്കുന്ന ഉറപ്പുള്ള നിര്‍മ്മാണ വിദ്യ.മെഷിനറികളുടെ സഹായത്തോടെ അല്ല ഇവയുടെ നിര്‍മ്മാണം എന്നത് ശ്രദ്ധേയമാണ്.നാലു വശങ്ങളില്‍ നിന്നും കുളത്തിലേക്ക് ഇറങ്ങുവാനാകും.

ആറും ഏഴും സെന്റു മുതല്‍ ഏക്കറുകള്‍ വരെ വിസ്തൃതിയുള്ളവയാണ് പല ജലാശയങ്ങളും. പരിസ്ഥതി സംരക്ഷണത്തിന്റെ എക്കാലത്തെയും മികച്ച മാതൃകകളാണ് കാവുകളും കുളങ്ങളും.ഒപ്പം യന്ത്രവല്‍കൃത ലോകത്തിനു മുന്‍പുളള മനക്കണക്കിന്റെയും കൈവേലകളുടെയും കാലത്തെ വാസ്തുവിദ്യയുടെ മികച്ച മാതൃകയും.

കടപ്പാട്

ആര്‍ക്കിടെക്റ്റ് ശ്യാംകുമാര്‍ കാസര്‍ഗോഡ്
റോബിദാസ് ട്രാവല്‍ ജേര്‍ണലിസ്‌ററ്

Leave a Reply

Your email address will not be published. Required fields are marked *

Back To Top