നഗര പശ്ചാത്തലത്തിൽ മരങ്ങളെക്കുറിച്ച് ഒരു അവലോകനം

പരിണാമ പ്രക്രീയയിൽ മനുഷ്യൻ പ്രകൃതിയുടെ ഭാഗമായിരുന്നു. അവരുടെ താമസ സ്ഥലം ഗുഹകളിലും മരപ്പൊത്തുകളിലും മരത്തണലുകളിലും മറ്റുമായിരുന്നു,ഇന്ന് മനുഷ്യൻ പ്രകൃതിയെ പരിഷ്ക്കരി ക്കുന്ന ഒരാളായി മാറിയിരിക്കുന്നു.ഗുഹകളും പ്രകൃതിയോട് ചേർന്നുള്ള ആവാസ വ്യവസ്ഥയും വിട്ട് അവർ വീടുകളിലേക്ക് മാറി.ഇന്ന് വീട് പരിഷ്ക്കാരത്തിത്തിൻറെ ഭാഗമാണ്.വാസ സ്ഥലങ്ങൾ ഗ്രാമത്തിലും നഗരത്തിലും എല്ലാം ഇടംപിടിച്ചു.പ്രകൃതിദത്ത ഘടകം എന്ന നിലയിൽ പരിണാമ പ്രക്രീയയിൽ മരങ്ങൾക്ക് സുപ്രധാന സ്ഥാനമുണ്ട്.അത് പരിസ്ഥിതി കേന്ദ്രീകൃതവും മനുഷ്യ കേന്ദ്രീകൃതവുമാണ്.വൃക്ഷങ്ങൾ മനുഷ്യൻറെ സഹജാവബോധത്തെ പ്രകൃതിയുമായി ചേർത്ത് നിർത്തുന്നു.മരങ്ങൾ ഓരോരുത്തരെയും ഓരോ രീതിയിൽ ആണ് സ്വാധിനിക്കുക.കാഴ്ചപ്പാടുകൾ,സാഹചര്യം ഇവയൊക്കെ അനുസരിച്ചു മാറ്റം വരാം.

നഗര ജീവിതവും മരങ്ങളും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് മനസിലാക്കുന്നത് വളരെ രസകരവും വിജ്ഞാനപ്രദവും ആയിരിക്കും.നഗരത്തിലെ പല മരങ്ങളും നിർവഹിക്കുന്ന ധർമം പലതാണ്.തണൽ വിരിച്ചും പൂക്കൾ നൽകിയും ഉപജീവന മാർഗമായും അങ്ങനെ പലവിധ റോളുകൾ വഹിക്കുന്നുണ്ട്. തലസ്ഥാന നഗരിയായ തിരുവന്തപുരത്തിന്റെ നഗര പശ്ചാത്തലം വിശദമായി പഠിച്ച് നഗരത്തിൻറെ വിവിധ ഭാഗങ്ങളിൽ ഉള്ള മരങ്ങളെ തെരഞ്ഞെടുത്ത് അവയുടെ ഉത്ഭവം,വളർച്ച,ഇപ്പോഴത്തെ അവസ്ഥ,അവക്ക് സമൂഹവുമായുള്ള ബന്ധം അവയുടെ സാമൂഹ്യ,സാംസ്കാരിക നില എന്നിവയൊക്കെ നിരീക്ഷണ വിധേയമാക്കി കൊണ്ടുള്ള ഒരു പഠന യാത്രയാണ് ഈ അവലോകനം.അതിനായി തെരഞ്ഞെടുത്തത് കേശവദാസപുരം ജംഗ്ഷൻ, മാനവീയം വീഥി,കൗഡിയാർ,ശാസ്തമംഗലം, തമ്പാനൂർ മേൽപ്പാലം ഏരിയ,കുറവങ്കോണം -മരപ്പാലം,ഗോൾഫ് ലിങ്ക് റോഡ്,ബാർട്ടൺ ഹിൽ എന്നിവിടങ്ങളാണ്

വൃക്ഷത്തിൻറെ പ്രായം,വൃക്ഷവുമായി ബന്ധപ്പെട്ട ചരിത്രം,ഭൂതകാലവും വർത്തമാന കാലവും സന്ദർഭങ്ങളും,മനുഷ്യൻ മരങ്ങളെ എത്രമാത്രം നന്നായി ഉപയോഗിക്കുന്നു,ഒരു വൃക്ഷം എങ്ങനെ നഗരത്തിൻറെ നാഴിക കല്ലായി മാറുന്നു,വൃക്ഷങ്ങളോടുള്ള നഗരവാസികളുടെ വികാരങ്ങൾ,മരച്ചുവടുകൾ ഉപയോഗിക്കുന്നവരുടെ പ്രതികരണങ്ങൾ,ദിനചര്യ,കാലാനുസൃതമായ വ്യതിയാനങ്ങൾ,അതിനനസരിച്ചു മരങ്ങൾ വഹിക്കുന്ന പങ്ക്,വേഷങ്ങൾ,ആഘോഷങ്ങൾ,ആചാരങ്ങൾ,എന്നിവയെല്ലാം മനസിലാക്കുകഏറെ കൗതുകകരമായ കാര്യമാണ്

തിരക്കേറിയ നഗര നടുവിലെ വൃക്ഷങ്ങൾ നൽകുന്ന അനുഭവം തികച്ചും വ്യത്യസ്തമാണ് തിരക്കിനിടയിൽ ശാന്തമായ അന്തരീക്ഷം പകരുക,തണൽ നൽകുക,ഓക്സിജൻ പ്രദാനം ചെയ്യുക എന്നിവ മാത്രമല്ല മരങ്ങൾ നൽകുന്ന സേവനങ്ങൾ.സാഹചര്യങ്ങൾക്ക് അനുസരിച്ച് ,സ്ഥലത്തിന്റെ പ്രാധാന്യമനുസരിച്ചു അത് വ്യത്യസപ്പെട്ടിരിക്കുന്നു.ആളുകളുടെ മനസ്സിൽ ചിന്തോദ്ദീപകമായ ആശയങ്ങൾ പകരുക,മരച്ചുവടുകളിലെ ഒത്തുകൂടലുകൾ,പലരുടെയും നിത്യജീവിതത്തിനു ഉതകുന്ന കച്ചവട കേന്ദ്രങ്ങൾ ആയി വർത്തിക്കുക ഇങ്ങനെ നഗര വീഥികളിലെ മരച്ചുവടുകളിൽ അരങ്ങേറുന്ന നിരവധി അനവധി കാര്യങ്ങൾ ഉണ്ട്.പക്ഷെ,നാമാരും അതിനെ കാര്യഗൗരവത്തോടെ ,അർഹിക്കുന്ന പ്രാധാന്യത്തോടെ കാണാറില്ല,മനസിലാക്കാറില്ല എന്ന് മാത്രം.മരച്ചുവടുകൾ ഉപയോഗിക്കുന്നവർ പറഞ്ഞ പ്രതികരണങ്ങൾ,ഹരിത ഇൻഫ്രാസ്ട്രക്ച്ചറിൻറെ പ്രാധാന്യം,അത് ശക്തിപ്പെടുത്തുവാനുള്ള നിർദ്ദേശങ്ങൾ,വൃക്ഷങ്ങളെ വിശകലനം ചെയ്യൽ,ശ്രദ്ധിക്കാതെ പോകുന്ന മരങ്ങൾ അവയുടെ പ്രാധാന്യം എന്നിങ്ങനെ ഉരുത്തിരിഞ്ഞു വന്ന അനേകം കാര്യങ്ങൾ ഉണ്ട്.സാമൂഹ്യ,സാംസ്കാരിക രംഗത്ത് മുന്നിൽ നിൽക്കുന്ന മൂല്യങ്ങൾ പകരുന്ന,സർവോപരി സംസഥാനത്തിന്റെ തലസ്ഥാനം എന്ന പദവി വഹിക്കുന്ന തിരുവനന്തപുരം നഗരത്തിലെ മരങ്ങൾ ഏറെ ശ്രദ്ധിക്കപ്പെടുന്നവയും ശ്രദ്ധയാകർഷിക്കുന്നവയും ആകുന്നു.

കേശവദാസപുരത്തെ ആൽമരം

അന്പത്തിയഞ്ചു വർഷത്തിൽ അധികമായി മണ്ണിൽ വേരുകൾ പടർത്തി ശ്രദ്ധയാകർഷിച്ചു നിൽക്കുന്ന കേശവദാസപുരം ജംഗ്ഷനിലെ ഭീമൻ ആൽ മരം (Banyan tree) ആയിരുന്നു ഈ ട്രീ വാക്കിൽ ആദ്യം സന്ദർശിച്ചത് .ഏതാണ്ട് പന്ത്രണ്ടു മീറ്റർ ഉയരമുള്ള ഈ വൃക്ഷത്തിൻറെ ഉത്ഭവം തിരഞ്ഞു പോയാൽ തുടക്കത്തിൽ അത് ഒറ്റക്കായിരുന്നു .കാലക്രമേണ പതുക്കെ വേരുകൾ ചുറ്റിനും വ്യാപിക്കുവാൻ തുടങ്ങി.അതിൻറെ വേര് പൊട്ടിക്കിളിർത്തു ആദ്യത്തെ കുട്ടി ഉണ്ടായി,പിന്നെ രണ്ടാമത്തെ,അങ്ങനെ വൃക്ഷത്തൈകളുടെ എണ്ണം കൂടി വന്നു.ഈ മരത്തിൻറെ അരികിലൂടെയാണ് ആദ്യം റോഡ് ഉണ്ടായിരുന്നത്.പിന്നീട് N H 66 (പഴയ N H 47) ഹൈവേ പദ്ധതി പ്രകാരം റോഡ് വിപുലീകരിച്ചപ്പോൾ ഈ മരത്തെ സംരക്ഷിച്ചുകൊണ്ട് മരത്തിൻറെ അപ്പുറത്തു കൂടി പുതിയ റോഡ് ഒരുക്കി.അതിന്റെ ഫലമായി ഇരു റോഡുകൾക്കും നടുവിലായി ഒരു ഡിവൈഡർ എന്ന നിലയിൽ ഈ ആൽ മരം നിൽക്കുന്നു.രണ്ടു റോഡുകളുടെയും ഇരു വശങ്ങളിലുമായി ചെറിയ കടകൾ പ്രവർത്തിക്കുന്നുണ്ട് ഇപ്പോൾ.പടർന്നു പന്തലിച്ച മരത്തിൻറെ ചില്ലകൾ റോഡിൻറെ തെക്ക് ഭാഗത്തുള്ള കടകൾക്ക് തണൽ ഏകുന്നു ഇത് കടക്കാർക്ക് നേട്ടവും പ്രയോജനവും ആകുന്നു.കാരണം കടയിൽ എത്തുന്നവർക്ക് പാർക്കിങ് ഒരുക്കേണ്ട.ആളുകൾ സ്വയം മരത്തിന്റെ ചുവട്ടിൽ വാഹനം പാർക്ക് ചെയ്തുകൊള്ളും.വണ്ടിയിൽ ഉള്ളവർക്ക് ഒന്ന് പുറത്തു ഇറങ്ങി നില്ക്കാൻ പറ്റിയ ഇടം.പൊതുവെ ചൂട് കൂടിയ തിരുവനന്തപുരം നഗര നടുവിലെ ഈ മരം തണല് വിരിച്ചും ഓക്സിജൻ നൽകിയും നഗരത്തെ പോഷിപ്പിക്കുന്നു. എളുപ്പത്തിൽ പോസ്റ്ററുകൾ പതിപ്പിക്കാം,പതിച്ച പോസ്റ്ററുകൾ,ബാനറുകൾ,ഫ്ളക്സ്കൾ എന്നിവയൊക്കെ പെട്ടന്ന് ദൃഷ്ടിയിൽ പെടുകയും ചെയ്യുന്നതിനാൽ രാഷ്രീയ,സാമുദായിക സംഘടനകൾക്കും പാർട്ടികൾക്കും റാലികൾ സംഘടിപ്പിക്കാനും ഒത്തുകൂടലുകൾ നടത്തുവാനും പരസ്യങ്ങൾ പോസ്റ്ററുകൾ പതാക എന്നിവയെല്ലാം സ്ഥാപിക്കാനും ചെലവ് കൂടാതെ പ്രവർത്തിക്കുവാനും പറ്റിയ ഒരിടമാണ് ഈ മരവും പരിസര പ്രദേശവും.നഗരവാസികളുടെ ഗൃഹാതുരമായ ഓർമകളുമായി ബന്ധിപ്പിക്കുന്ന ശക്തമായ ഒരു ലാൻഡ്മാർക് കൂടിയാണീ ആൽമരം.തലസ്ഥാന നഗരിയുടെ അൻപത്തിയഞ്ചിനു മേൽ വർഷങ്ങളുടെ വളർച്ചക്കും സാമൂഹ്യ സാംസ്കാരിക മാറ്റങ്ങൾക്കും സാക്ഷിയായ തണൽ മരം.ഒപ്പം കേശവദാസപുരത്തിന്റെ മാറിക്കൊണ്ടിരിക്കുന്ന,വികസനത്തിനും വളർച്ചക്കും സാക്ഷിയായി നിലകൊള്ളുന്ന മരം

ബാർട്ടൻ ഹില്ലിലെ മലബാർപ്ലം


നിത്യ ഹരിതഫലം നൽകുന്ന ജാമുൻ വൃക്ഷമായിരുന്നു (സാധാരണയായി മലബാർ പ്ലം എന്ന് അറിയപ്പെടുന്നു )രണ്ടാമത്തേത്.ബാർട്ടൻഹിൽ കുന്നു കുഴി ഏരിയ ജന സാന്ദ്രത കൂടിയതും വിവിധ വിഭാഗക്കാർ ഒരുമിച്ചു പാർക്കുന്ന ഇടവുമാണ്.മരം നൽകിയ തണലിൽ ഒരു ചായക്കട പ്രവർത്തിക്കുന്നു വൈകുന്നേരങ്ങളിൽ വിവിധ കൂട്ടായ്മകളുടെ ഭാഗമായി നിരവധി ആളുകൾ ചായക്കടക്ക് ചുറ്റും കൂടാറുണ്ട്.ഈ കൂട്ടാമയിൽ സംവദിക്കുന്ന,പങ്കു വയ്ക്കപ്പെടുന്ന അനേകം കാര്യങ്ങൾ ഉണ്ട്.ഇത്തരം നിരവധി കൂട്ടായ്മകളുടെ,അനേകരുടെ ജീവിതത്തെയും ജീവിത പരിസത്തെയും കുറിച്ചുള്ള ഒരുപാട് ദൈനംദിന കഥകൾ പറയുവാനുണ്ട് ഈ വൃക്ഷത്തിന്.

മനോരമ റോഡിലെ ബോധി വൃക്ഷം

തിരുവനന്തപുരത്ത് മനോരമ റോഡിലെ പീപ്പൽ മരം (ബോധി വൃക്ഷം, )പല കാരണങ്ങൾ കൊണ്ട് ശ്രദ്ധേയമാകുന്നു.ഈ മരത്തിന്റെ ചുവട്ടിൽ ‘മാടൻ’ എന്ന ദൈവത്തെ പ്രതിഷ്ഠിച്ചിരിക്കുന്നു.കഴിഞ്ഞ നാൽപതു വർഷമായി ഈ മരം ഇവിടെയുണ്ട്.ഇപ്പോൾ മരവും അതിന്റെ ചുവട്ടിലെ ദൈവത്തെയും ചേർത്തു ‘മാടൻ കോവിൽ’ എന്നാണ് അറിയപ്പെടുന്നത്.ഏതാണ്ട് പന്ത്രണ്ടു പതിമൂന്നു മീറ്റർ വരെ ഉയരവും 2 .09 മീറ്റർ വ്യസവും ഉണ്ട്.ആദ്യം ഈ മരത്തിൻറെ തൊട്ടു അടുത്തുകൂടി ഒരു ഇടുങ്ങിയ റോഡ് കടന്നു പോയിരുന്നു.പിന്നീട് റോഡിനു വീതി കൂട്ടിയപ്പോൾ സ്ഥലമെടുത്തു പോയതിനാൽ മരം ഇപ്പോൾ നടപ്പാതയുടെ ഭാഗമായി.ഈ മരം അപ്പുറമുള്ള കടക്കാർക്ക് മറ തീർക്കുന്നുണ്ട്.എല്ലാ തിങ്കൾ,ചൊവ്വ ദിവസങ്ങളിലും മരത്തിൽ പൂജ നടത്താറുണ്ട്.തൽസമയം ഒരു വലിയ ജന കൂട്ടം ഇവിടെ സന്നിഹിതരാവാറുണ്ട്. ഈ വൃക്ഷത്തിൻറെ മത പരമായ പ്രാധാന്യവും മാടൻ ദൈവത്തിൻറെ പ്രാധാന്യവും കണക്കിലെടുത്തു കൂടുതൽ ഒന്നും ഇവിടെ ചെയ്യാനാകില്ല.ഈ മരവുമായി ബന്ധപ്പെട്ടു പലരുടെയും കാഴ്ചപ്പാടുകളും വികാരങ്ങളും അഭിപ്രായങ്ങളും വ്യത്യസ്തമാണ്.ചിലർക്ക് ഈ മരം തടസ്സം ആകുമ്പോൾ മറ്റു ചിലർക്ക് അത് വിശ്വാസത്തിന്റെ ഭാഗമാണ്.ഇങ്ങനെ വളരെ രസകരമായ കഥകളും കാര്യങ്ങളും ആയിരുന്നു ഈ മരത്തെ ചുറ്റിപറ്റി ഉണ്ടായിരുന്നത്.

തമ്പാനൂർ മേൽപ്പാലത്തിനു സമീപത്തെ തണൽ മരം

തിരുവനന്തപുരത്തിന്റെ ഹൃദയ ഭാഗമായ തമ്പാനൂർ മേൽ പാലത്തിനോട് ചേർന്നു നിൽക്കുന്ന ഒരു വൻ മരമുണ്ട്.നടപ്പാതയിൽ ആകെ തണൽ വിരിച്ചു കാൽനടക്കാർക്ക് പ്രേത്യേകിച്ചും ആശ്വാസം പകർന്ന് നിൽക്കുന്ന ഈ മരത്തിൻറെ ചുവടും പരിസരവും ഇപ്പോൾ പെയ്ഡ് പാർക്കിങ് ഏരിയ ആയി ഉപയോഗിക്കുന്നു.ഇവിടുത്തെ മര,പ്രകൃതി സ്നേഹികൾ ചേർന്ന് കോർപറേഷൻന്റെ സഹായത്തോടെ വൃക്ഷത്തെയും വേരുകളെയും കേടുപാടിൽ നിന്നും സംരക്ഷിക്കുവാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിരിക്കുന്നു.

മാനവീയം വീഥിയിലെ നീർമാതളം

സാമൂഹ്യ സാംസ്കാരിക കൂട്ടായ്മകൾക്ക് പേരുകേട്ട മാനവീയം വീഥിയിലെ നീർമതളത്തിന് ഏറെ കഥകൾ പറയാനുണ്ട്.ഭൂമിയുടെ ആത്മാവുമായി ആഴത്തിലുള്ള ബന്ധം പുലർത്തുന്ന മരം നട്ടു വളർത്തിയത് അന്തരിച്ച പ്രശസ്ത കവയിത്രിയും ആക്ടിവിസ്റ്റുമായ സുഗതകുമാരി ടീച്ചറും ഇവിടുത്തെ വനിതാ കൂട്ടായ്മകളും ചേർന്നാണ്.മലയാളത്തിലെ അന്തരിച്ച പ്രശസ്ത എഴുത്തുകാരി മാധവിക്കുട്ടിക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് നട്ട നീർമാതളം ആണിത്.പിന്നീട് ഈ മരച്ചുവടും പരിസരവും സ്ത്രീകളുടെ കൂട്ടായ്മകൾക്കും അവരുടെ ആശങ്കയും പ്രതിഷേധവും പ്രകടമാക്കാനുള്ള വേദിയായും മാറി.കലാസാഹിത്യ രംഗത്ത് ഉള്ളവർക്കും സാധാരണക്കാർക്കും ഒത്തുകൂടുവാനുള്ള സ്ഥലം.മരത്തിനു ചുറ്റും ഇരിപ്പിടങ്ങളും ഉണ്ടിപ്പോൾ.ഇവിടുത്തെ ഒത്തുകൂടലുകളും സായാഹ്ന സഞ്ചാരവും എല്ലാം ഇവിടെയുള്ള ചായ,ഭക്ഷണ കടക്കാർക്കും മറ്റും ഉപകാരമായി.അവർക്ക് ഒരു പ്രധാന വരുമാനമാർഗ്ഗമാണീ കൂട്ടായ്മകൾ.

ആൽത്തറ ജംഗ്ഷനിലെ സയാമീസ് ഇരട്ട മരങ്ങൾ

മാനവീയം വീഥിയോട് ചേർന്നുള്ള ആൽത്തറ ജംഗ്ഷനിൽ സയാമീസ് ഇരട്ടകളെ പോലെ രണ്ടു മരങ്ങൾ ഉണ്ട്.ഉയരമുള്ള നിത്യഹരിത മരങ്ങളായ ഇലഞ്ഞിയും മഹാഗണിയും.ഇവക്ക് ഒരു നൂറ്റാണ്ടിലേറെ പ്രായമുണ്ട്.തലസ്ഥാന നഗരിയുടെ വലിയ മാറ്റങ്ങൾക്കും വളർച്ചക്കും സാക്ഷിയായ രണ്ടു വൃക്ഷങ്ങൾ.ഈ മരങ്ങൾക്ക് മുന്നിലൂടെ പോകുന്ന റോഡിനിരുവശത്തും കടകൾ ഉണ്ട്.എതിർഭാഗത്ത് ഒരു ഒരു സഞ്ചരിക്കുന്ന ഭക്ഷണ ശാലയും വൈകുന്നേരം മുതൽ രാത്രി വരെ പ്രവൃത്തിക്കുന്നുണ്ട്. ഒരു ഒരു സഞ്ചരിക്കുന്ന ഭക്ഷണ ശാലയും വൈകുന്നേരം മുതൽ രാത്രി വരെ പ്രവൃത്തിക്കുന്നുണ്ട്.

ആൽത്തറ

ആൽത്തറ ജംഗ്ഷൻ എന്ന് പേര് വീഴുവാൻ കൂടി കാരണമായൊരു മരമാണിത്. ഇപ്പോൾ ആൽ മരത്തിനു ചുറ്റുമായി ഒരു ക്ഷേത്രമുണ്ട്.ആൽ മരത്തിനു ഇരുന്നൂറ് വർഷവും ക്ഷേത്രത്തിനു അറുപത്തിയെട്ടു വർഷവും പഴക്കമുണ്ട്.തിരുവിതാംകൂർ മഹാരാജാവിൻറെ കുതിരകളെ കെട്ടിയിടുവാൻ നട്ടുപിടിപ്പിച്ചതാണ് ആൽമരം.അത് ആ പ്രദേശമാകെ തണൽ വിരിച്ചു നിന്നു.പണ്ട് പ്രായമായ ഒരു സ്ത്രീ ഈ മരത്തിനടിയിൽ സ്ഥിരമായി മഞ്ഞൾ വിൽക്കാറുണ്ടായിരുന്നു ,പിന്നീട് ആ സ്ഥലം വിശുദ്ധമാണ് എന്ന വിശ്വസം ഉടലെടുക്കുകയും അവിടെ പൂജകൾ നടത്തുകയും വിളക്കുകൾ തെളിക്കുകയും ചെയ്തിരുന്നു.പിന്നീട് ക്ഷേത്രം സ്ഥാപിക്കുകയുമാണുണ്ടായത്.ആൽ മരത്തിന്റെ വളർച്ചയെ തടസപ്പെടുത്താതെ അതിനു ചുറ്റിനുമായാണ് ക്ഷേത്രം;ധാരാളം ആളുകൾ ആരാധനക്ക് എത്തുന്ന സ്ഥലം.ഇവിടെ പൂജ സാമഗ്രികളുടെയും അതിനോടനുബന്ധിച്ചുള്ള മറ്റു സാമഗ്രികളുടെയും കടകളും പ്രവർത്തിക്കുന്നു.

ശാസ്തമംഗലത്തെ കോപ്പർ പോഡ് മരം

നിരത്തിലും,നടപ്പാതയിലും എല്ലാം മഞ്ഞ പരവതാനി വിരിച്ച പോലെ പൂക്കൾ കൊണ്ട് മഞ്ഞ പൂശുന്ന കോപ്പർ പോ ഡ്.ഇവിടുത്തെ വാഹന പാർക്കിങ് ഏരിയയിൽ മതിയായ തണൽ നൽകുന്നുണ്ട്ഇതിനു തൊട്ടടുത്തായി ഒരു മിൽമ ബൂത്തും ഉണ്ട് ഉപജീവനത്തിനായി ഈ മര തണലിൽ മൽസ്യം വിൽക്കുന്ന ഒരു സ്ത്രീയും ഉണ്ട്.അവരുടെ ജീവിതമാർഗം ഈ വൃക്ഷത്തെ അടിസ്ഥാനമാക്കി ഉള്ളതാകുന്നു.

ശാസ്തമംഗലം ജംഗ്ഷനിലെ ഭീമൻ ആൽമരം

ശാസ്തമംഗലം ജംഗ്ഷനിൽ ഒരു കനോപ്പിക്കു തുല്യമായി വിശാലമായി തണൽ കുട വിരിച്ചു നിൽക്കുന്ന കൂറ്റൻ ആൾ മരത്തിൻറെ പ്രാഥമിക ധർമം റൗണ്ടിന് ചുറ്റുമുള്ള റോഡുകളെ വേർതിരിക്കുക എന്നതാണ്.അറിഞ്ഞോ അറിയാതെയോ ആ വഴി കടന്നു പോകുന്ന ഓരോരുത്തർക്കും തണുത്ത കാറ്റും ശുദ്ധ വായുവും തണലും പ്രദാനം ചെയ്യുന്നു.വിവിധ തരം ജീവജാലങ്ങൾക്ക് അഭയസ്ഥാനം കൂടിയാണ് ഈ മരം.കൂടാതെ ഒരു ലാൻഡ്മാർക് ആയും അറിയപ്പെടുന്നു.നഗര നിവാസികളുടെ ഗൃഹാതുരമായ ഓർമകളിൽ എന്നും ഈ ആൽ മരത്തിനു സ്ഥാനം ഉണ്ട്.

ജവഹർനഗർ ചിൽഡ്രൻസ് പാർക്കിലെ മരം

ജവഹർ നഗറിൽ കുട്ടികളുടെ ഒരു ചെറിയ പൊതു പാർക്ക് ഉണ്ട് അവിടെയാണ് ഈ മരത്തെ കണ്ടെത്തിയത് .ചുറ്റിനും തണലും തണുപ്പും പരത്തി നിൽക്കുന്ന ഇതിനു ചുറ്റും ഒരു ആവാസ വ്യവസ്ഥ തന്നെ ഉണ്ട്.ഇതിനു താഴെ കുട്ടികൾ കളിക്കുകയും വിശ്രമിക്കുകയും ചെയ്യുന്നു.പാർക്ക് സന്ദർശകരുടെയും പ്രദേശത്തെ യുവജനതയുടെയും ഒരു ഹാങ് ഔട്ട് സ്പേസ് കൂടിയാണ്, .സമീപത്തായി ചെറിയൊരു കുളവും ,പാർക്ക് ആയതുകൊണ്ട് ഇരിപ്പിട സൗകര്യവുമുണ്ട്.തൊട്ടടുത്തായി ഒരു ഓട്ടോറിക്ഷ സ്റ്റാൻഡും.ഒരു ദിവസത്തെ ജോലിയുടെയും ഓട്ടത്തിന്റെയും തിരക്കുകൾക്ക് ശേഷം മരച്ചില്ലകളുടെ മേലാപ്പിനു താഴെ വിശ്രമിക്കുന്ന ഓട്ടോഡ്രൈവർമാർക്ക് തണുത്ത കാറ്റേകി തണലും ആകുന്നു ഈ മരം.

ജവഹർനഗറിനും ഗോൾഫിലിങ്കിനും ഇടയിലാണ് മറ്റൊരു കോപ്പർ പോഡ് മരം കണ്ടെത്തിയത് ഇതിനു താഴെയിരുന്ന് പ്രായമായ ഒരു സ്ത്രീ പച്ചക്കറി വിൽക്കുന്നുണ്ട്.കടുത്ത വേനലിൽ കത്തുന്ന വെയിലിൽ ഏറെ ആശ്വാസമാണ് ഈ മരം.പാരിസ്ഥികമായ നേട്ടങ്ങൾക്ക് പുറമെ ആളുകൾ ആ മരത്തിൻറെ ചുവട്ടിൽ വാഹനം പാർക്ക് ചെയ്യുവാൻ താൽപര്യപ്പെടുന്ന ഒരു ഏരിയ കൂടിയാണ്.ഗോൾഫ് ലിങ്കിൻറെ പ്രവേശന കവാടത്തിലേക്കുള്ള റോഡിലും കുറവൻകോണം -പട്ടം റോഡിനടുത്തും പച്ചപുതച്ചു നിൽക്കുന്ന വലിയ മരങ്ങൾ ആരുടേയും ശ്രദ്ധ കവരുന്നവയാണ്.അവയെക്കൂടി കണ്ടുകൊണ്ടാണ് ഞങ്ങളുടെ യാത്ര അവസാനിപ്പിച്ചത്

കനോപ്പിക്കു തുല്യമായി തണൽ വിരിച്ചു നിൽക്കുന്ന ഈ മരങ്ങൾ എല്ലാം കാൽനടക്കാർക്കും വാഹനം പാർക്ക് ചെയ്യുന്നവർക്കും തണലും കുളിർമയും നൽകിയാണ് നിലനിൽക്കുന്നത് .ഒരു കൂട്ടം പഴം പച്ചക്കറി വിൽപ്പനക്കാർ ഈ മരച്ചുവട്ടിലെ സ്ഥിര സാന്നിധ്യമാണ്.മറ്റ് ആർക്കും അറിയില്ലെങ്കിലും ഈ കച്ചവടക്കാർക്ക് അറിയാം മരങ്ങളുടെ മൂല്യം.ആ കച്ചവടകാർക്കും അവിടുത്തെ സാധനങ്ങൾ വാങ്ങാൻ വരുന്നവർക്കും ഒരു കെട്ടിടത്തിന്റെ അനുഭവം പകരാൻ ഈ വൻ വൃക്ഷങ്ങൾക്ക് കഴിയുന്നുണ്ട്.

ഒരു മരം ഏതൊക്കെ തരത്തിലാണ് മനുഷ്യ ജീവിതത്തെ സ്വാധീനിക്കുക കാലാവസ്ഥയുമായി ബന്ധപ്പെട്ട കാര്യങ്ങൾ എല്ലാവര്ക്കും അറിവുള്ളതാണ്.അതിനു പുറമെ മറ്റ് ഏതൊക്കെ തരത്തിൽ?.തണലായി,തണുപ്പായി,ഒത്തുകൂടൽ ഏരിയയായി,വിശ്രമ സങ്കേതമായി,ഡംപിങ് യാർഡ് ആയി ജീവിതോപാധിയായി,കച്ചവട കേന്ദ്രമായി,ഓരോ മരവും വഹിക്കുന്ന റോളുകൾ വ്യത്യസ്തമാണ്.ബഹുമുഖ സ്വഭാവമുള്ള ഈ വൃക്ഷങ്ങൾ ഓരോന്നും സൂക്ഷ്മ കാലാവസ്ഥയെ പുഷ്ടിപ്പെടുത്തുകയും സ്വാധീനിക്കുകയും ചെയ്തുകൊണ്ട് ആവാസ വ്യവസ്ഥക്ക് മുതൽ കൂട്ടാവുന്നു.

സൗന്ദര്യാത്മകതയുടെ പാരിസ്ഥിക നേട്ടങ്ങളുടെ ഹരിതനിധികളാണ് ഓരോ വൃക്ഷവും. പ്രേത്യേകിച്ചു നഗകേന്ദ്രങ്ങളിലെ വൃക്ഷങ്ങൾ നൽകുന്ന വീക്ഷണകോണുകൾ വളരെ വ്യത്യസ്തമാകുന്നു.എന്തായാലും ഹരിത നിധികളെ തേടിയുള്ള യാത്രക്ക് പ്രസക്തി ഏറെയുണ്ട്. ഇതു ഇവിടം കൊണ്ട് അവസാനിക്കുന്നില്ല എന്ന് കൂടി ഓർമ്മപ്പെടുത്തുന്നു.

Team Tree walk

ഇന്ത്യൻ സൊസൈറ്റി ലാൻറ്സ്കേപ്പ് ആർകിടെക്റ്റ്സും(ISOLA)    തിരുവനന്തപുരം മരിയൻ കോളേജ് ഓഫ് ആർക്കിടെക്ചർ ആൻറ് പ്ളാനിങ്ങും(MCAP)സംയുക്കതമായി Retrospective into trees in Urban Context എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടത്തിയ വെബ്ബിനാറിൽ MCAP യിലെ രണ്ടാം വർഷ ബി.ആർക് വിദ്യാർത്ഥികൾ ചെയ്ത ‘പച്ചപ്പ് പച്ചപ്പ് ‘എന്ന വീഡിയോ ഡോക്യുമെൻററി അവതരിപ്പിക്കുകയുണ്ടായി.പ്രൊഫ.ഗംഗ കൃഷ്ണൻെറ നേതൃത്വത്തിൽ എട്ടു വിദ്യാർത്ഥികളും ചേർന്നു തിരുവനന്തപുരം നഗരനടുവിലെ തെരഞ്ഞെടുത്ത വീഥികളിലെ വൃക്ഷങ്ങളെ സന്ദർശിച്ചു നടത്തിയ ട്രീ വാക്കിനെ ആസ്പദമാക്കി ആയിരുന്നു ഡോക്യുമെൻററി.അതിൽ നിന്നും ഉരുത്തിരിഞ്ഞ പ്രസക്തമായ, വിജ്ഞാന പ്രദമായ പഠന റിപ്പോർട്ടിലെ വിശദാംശങ്ങൾ ആണീ ലേഖനം 

Picture courtesy :Team tree walk,Aalthara temple portal,K A Beena
Back To Top